
കൊടുമുടിയിലെത്തി യുഎഇയിലെ പകൽ ചൂട്, ജാഗ്രത വേണം
യുഎഇയിൽ വെയിൽ ശക്തമാകുമ്പോൾ പകൽ സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. ഉയർന്ന ചൂടിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണമെന്നും മന്ത്രാലയം അറിയിച്ചു. താപനില 50 ഡിഗ്രി സെൽഷ്യസിൽ കൂടുതലായ സാഹചര്യങ്ങളിൽ വെയിലത്തു കൂടിയുള്ള നടത്തം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. ചൂടിനൊപ്പം പൊടിക്കാറ്റ് ഉയരുന്നതിനാൽ ദൂരക്കാഴ്ചയ്ക്കും ബുദ്ധിമുട്ടുണ്ടാകും. കൂടാതെ അലർജിയുണ്ടാകാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം ഉപദേശിച്ചു. പുറത്തിറങ്ങേണ്ട സാഹചര്യത്തിൽ നേത്ര രോഗങ്ങൾക്ക് അൾട്രാ വയലറ്റ് രശ്മികൾ കാരണമാകുമെന്നതിനാൽ സൺഗ്ലാസുകൾ ധരിക്കണം. പൊടിക്കാറ്റ് ശ്വാസകോശത്തെ ബാധിക്കാതിരിക്കാൻ മാസ്ക് ഉപയോഗിക്കാം. എൻ95 മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്. തൊണ്ട വേദന, നേത്രരോഗം, ചൊറിച്ചിൽ, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ അലർജികൾക്ക് പൊടിക്കാറ്റ് കാരണമാകും. ആസ്മ രോഗികൾ മുതിർന്നവർ, കുട്ടികൾ, രോഗ പ്രതിരോധ ശേഷി കുറവുള്ളവർ, ശ്വാസകോശ രോഗമുള്ളവർ തുടങ്ങിയവർ പുറത്തേക്കു പോകുമ്പോൾ ഇൻഹെയ്‌ലർ കയ്യിൽ കരുതണം. ദാഹം ഇല്ലെങ്കിലും നിർജലീകരണം ഒഴിവാക്കാൻ വെള്ളം കുടിക്കണം. തളർച്ച, ബോധക്ഷയം, സൂര്യാഘാതം തുടങ്ങിയവയ്ക്കു സാധ്യതയുള്ളതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും മന്ത്രാലയം ഉപദേശിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)