Posted By ashwathi Posted On

കൊല്ലത്തെ അപകടം; ശ്രീക്കുട്ടി വിവാഹമോചിത, അജ്മലുമായി പരിചയപ്പെട്ടത് ആശുപത്രിയിൽവെച്ച്, മദ്യസത്കാരം പതിവ്

കൊല്ലം മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനമോടിച്ചിരുന്നത് കരുനാഗപ്പള്ളി സ്വദേശി മുഹമ്മജ് അജ്മലാണ്. ഒപ്പം നെയ്യാറ്റിൻകര സ്വദേശിയും വനിതാ ഡോക്ടറുമായ ശ്രീക്കുട്ടിയാണ് ഉണ്ടായിരുന്നത്. ഇരുവരെയും പൊലീസ് പിടികൂടിയിരുന്നു. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്താണ് ശ്രീക്കുട്ടി വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ മദ്യസത്കാരം പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ശ്രീക്കുട്ടി മെ‍ഡിക്കൽ പഠനം പൂർത്തിയാക്കിയത് കോയമ്പത്തൂരിൽ നിന്നാണ്. ഇവര്‍ വിവാഹമോചിതയാണ്. അടുത്തിടെയാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചത്. അജ്മല്‍ മുമ്പും ലഹരിക്കേസില്‍ പിടിയിലായിട്ടുണ്ട് . ഇരുവരും പരിചയപ്പെട്ടതാകട്ടെ കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ വച്ചും. ആ ബന്ധം വളരുകയായിന്നു. തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മൈനാഗപ്പള്ളിക്ക് സമീപം ആനൂർകാവിൽ വച്ചാണ് ഇരുവരും സഞ്ചരിച്ച കാറ് സ്കൂട്ടർ യാത്രികരായ കുഞ്ഞുമോളും ഫൗസിയയും ഇടിച്ച് ഇട്ടത്. നാട്ടുകാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും മദ്യലഹരിയിലായിരുന്ന പ്രതികള്‍ കാര്‍ മുന്നോട്ടെടുത്ത് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. അജ്മലിനെ ശൂരനാട് പതാരത്തെ ബന്ധുവീട്ടിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമായ നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. അജ്മൽ ക്രിമിനൽ കേസുകളിൽ അടക്കം പ്രതിയായിരുന്നെങ്കിലും, ഈ കേസുകളിലെല്ലാം ജാമ്യം നേടിയിരുന്നു. ശ്രീക്കുട്ടിയ്ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണ്. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Comments (0)

Leave a Reply

Your email address will not be published. Required fields are marked *