
യുഎഇയുടെ റെയിൽ നിർമ്മാണം അന്തിമ ഘട്ടത്തിൽ; 6 രാജ്യങ്ങൾക്കിടയിൽ ചെലവ് കുറഞ്ഞ യാത്ര സാധ്യമാകും
2030 ഓടെ ജിസിസി റെയിൽ ട്രാക്കിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. യുഎഇയുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെങ്കിലും ഇതര രാജ്യങ്ങളുടെ റെയിൽ ട്രാക്കുകൾ കൂടി പൂർത്തിയായാലേ പരസ്പരം ബന്ധിപ്പിക്കാനാകൂ. ഇതിനായി അംഗരാജ്യങ്ങൾ യോജിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. അബുദാബിയിൽ നടന്നുവരുന്ന ഗ്ലോബൽ റെയിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ കോൺഫറൻസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിസിസി ജനതയ്ക്ക് ചെലവു കുറഞ്ഞ ഗതാഗത മാർഗം തയ്യാറാക്കുകയാണ് ലക്ഷ്യം. ഇതിനായി ജിസിസി ജനറൽ സെക്രട്ടേറിയറ്റുമായും ഗൾഫ് റെയിൽവേ അതോറിറ്റിയുമായും സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്രയും ചരക്കുനീക്കവും ജിസിസി റെയിൽ യാഥാർത്ഥ്യമാകുന്നതോടെ എളുപ്പമാകും. 2030ൽ 60 ലക്ഷം പേർ യാത്ര ചെയ്യുമെന്ന് കണക്കാക്കുന്ന ജിസിസി റെയിലിൽ 2045ഓടെ യാത്രക്കാരുടെ എണ്ണം 80 ലക്ഷമായി ഉയരും. ചരക്കുനീക്കം 20.1 കോടി ടണ്ണിൽനിന്ന് 27.1 കോടിയായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. സില വരെ നീളുന്ന യുഎഇയുടെ ഇത്തിഹാദ് റെയിൽ ജിസിസി റെയിലുമായി ബന്ധിപ്പിക്കുന്നതിന് സൗദി അതിർത്തിയിലേക്കു നീട്ടുക, ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന പാലം നിർമിക്കുക തുടങ്ങിയവയുടെ നിർമാണ പുരോഗതിയും വിശദീകരിച്ചു. സൗദിയിലെ റാസ് അൽ ഖൈറിനും ദമാമിനും ഇടയിലുള്ള 200 കിമീ റെയിൽപാത പൂർത്തിയായെന്നും വെളിപ്പെടുത്തി. യുഎഇ– ഒമാൻ ഹഫീത് റെയിൽ പദ്ധതിയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഖത്തർ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട രൂപകൽപന പൂർത്തിയായി, കുവൈത്ത് റെയിൽവേയ്ക്കുള്ള എഞ്ചിനീയറിങ് കൺസൽറ്റൻസി കരാർ ഉടൻ നൽകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
റെയിൽ യാഥാർത്ഥ്യമാകുന്നതോടെ തൊഴിലവസരവും വ്യാപാരവും ടൂറിസവും വർധിക്കും. കൂടാതെ റോഡപകടങ്ങളും മരണനിരക്കും കുറയും. യാത്രയ്ക്കും ചരക്കുനീക്കത്തിനുമുള്ള ചെലവ് കുറയും. റോഡിൽ സ്വകാര്യവാഹനങ്ങൾ കുറയുന്നതോടെ പരിസ്ഥിതി മലിനീകരണവും ഗണ്യമായി കുറയും. കുവൈത്തിൽ നിന്ന് ആരംഭിക്കുന്ന ജിസിസി റെയിൽ ദമാമിലേക്കു പ്രവേശിച്ച് കോസ് വേ വഴി ബഹ്റൈനിലും പിന്നീട് ഖത്തർ, സൗദി, യുഎഇ വഴി ഒമാനിലും എത്തുന്നതോടെ 6 രാജ്യങ്ങളെയും ബന്ധിപ്പിക്കും. 2,177 കിലോമീറ്റർ നീളമാണ് ഈ റെയിലിനുള്ളത്. യുഎഇയിൽ 684 കി.മീ നീളവും സൗദിയിൽ 663 കി.മീ നീളവും ഒമാനിൽ 306 കി.മീ നീളവും ഖത്തറിൽ 283 കി.മീ നീളവും കുവൈറ്റിൽ 145 കി.മീ നീളവും ബഹ്റൈനിൽ 36 കി.മീ നീളവുമാണ് ഉള്ളത്. പൊതുജനങ്ങളുമായി യാത്രാ ചെയ്യുന്ന ട്രെയിൻ മണിക്കൂറിൽ 220 കി.മീ വേഗതയിലും ചരക്കു ട്രെയിൻ മണിക്കൂറിൽ 80-120 കി.മീ വേഗതയിലുമായിരിക്കും സഞ്ചരിക്കുക.
Comments (0)