
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി യുഎഇയില്‍ പിടിയില്‍
ദുബായ്: അയര്‍ലണ്ടിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി അന്താരാഷ്ട്ര തലത്തില്‍ നടന്ന അന്വേഷണത്തിന് ഒടുവില്‍ യുഎഇയില്‍ അറസ്റ്റില്‍. ഇന്റര്‍പോളിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം, 38കാരനായ ഷീന്‍ മാക്ഗവേണ്‍ ആണ് അറസ്റ്റിലായത്. കിനഹാന്‍ എന്ന സംഘടിത ക്രൈം ഗ്രൂപ്പിലെ ഉന്നത അംഗമാണ് സീന്‍ മാക്ഗവേണ്‍. ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഒക്ടോബര്‍ 10 നാണ് ദുബായ് പോലീസ് ഇയാളെ പിടികൂടിയത്. ‘അയര്‍ലണ്ടിലെ കുപ്രസിദ്ധ കുറ്റവാളികളിലൊരാളെ അറസ്റ്റ് ചെയ്യാന്‍ ഐറിഷ് അധികൃതരുടെയും യുഎഇ അധികൃതരുടെയും സംയുക്ത ശ്രമങ്ങള്‍ക്ക് നന്ദി. ഇന്റര്‍പോളിന്റെ ആഗോള ശൃംഖല വഴിയുള്ള അന്താരാഷ്ട്ര പോലീസ് സഹകരണത്തിന്റെ മൂല്യത്തെ ഇതുപോലുള്ള കേസുകള്‍ അടിവരയിടുന്നു. ഒരു പിടികിട്ടാപ്പുള്ളിയും നീതിയില്‍നിന്ന് സുരക്ഷിതരാണെന്ന് കരുതാനാവില്ലെന്ന് വീണ്ടും എടുത്തുകാണിക്കുന്നു’, ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജര്‍ഗന്‍ സ്റ്റോക്ക് പറഞ്ഞു. കൊലപാതകം, ക്രൈം ഗ്രൂപ്പിന് നേതൃത്വം നല്‍കുക എന്നീ കുറ്റകൃത്യങ്ങളില്‍ യുഎഇയില്‍ മാക്ഗവേണിനെ തടവിലാക്കിയിരിക്കുകയാണെന്ന് ഇന്റര്‍പോള്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഷീന്‍ മാക്ഗവേണിന്റെ അറസ്റ്റില്‍ ഇതുവരെ അധികൃതര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)