Posted By saritha Posted On

ജോലി നിര്‍ത്തി, യുഎഇയില്‍ സ്വന്തമായി ബിസിനസ്, മുമ്പത്തേക്കാള്‍ 10 ഇരട്ടി ശമ്പളം

ദുബായ്: സ്വന്തമായി സംരംഭം കെട്ടിപ്പടുക്കണമെന്ന് സ്വപ്‌നം കാണാത്താവര്‍ വിരളമായിരിക്കും. ആരുടെയും കീഴില്‍ നിന്ന് പണിയെടുക്കാതെ സ്വന്തമായി വേരുറപ്പിക്കാന്‍ അവര്‍ ഉത്സുകരാണ്. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് സ്ത്രീകള്‍. കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് സംരംഭകത്വ യാത്രകള്‍ ആരംഭിക്കാന്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ തയ്യാറാണ്. അത്തരത്തിലൊരു ധീരമായ കാല്‍വെയ്പാണ് ഹോളി ബ്രിയാന്റും അമേലിയ സ്മിത്തും നടത്തിയത്. എന്നാല്‍, അവരുടെ ധീരതഒടുവില്‍ വിജയം കണ്ടു. മുന്‍പത്തെ ജോലിയേക്കാള്‍ പത്തിരട്ടി ശമ്പളം ഇപ്പോള്‍ സമ്പാദിക്കുകയാണ്. ബ്രിട്ടീഷ് വനിതായ ഹോളി ബ്രിയാന്റ്, ബ്രിട്ടീഷ്- കനേഡിയന്‍ പ്രവാസിയായ അമേലിയ സ്മിത്ത് എന്നിവര്‍ ദുബായില്‍ സംരംഭകരായി തങ്ങളുടേതായി വഴികള്‍ വെട്ടിത്തുറന്നുകഴിഞ്ഞു. പ്രശസ്തമായ ഒരു ബ്യൂട്ടി ബ്രാന്‍ഡില്‍ ആറ് വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചതിന് ശേഷം, മികച്ച തൊഴില്‍ സ്വാതന്ത്ര്യം തേടി കോര്‍പ്പറേറ്റ് ലോകം വിടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ‘ദുബായിലെ സ്വകാര്യ കമ്പനിയിലെ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തപ്പോള്‍ 12,000 ദിര്‍ഹമാണ് ശമ്പളമായി കിട്ടിയിരുന്നത്. കോര്‍പ്പറേറ്റ് ലോകത്തോട് വിട പറഞ്ഞത് ഒരു വലിയ ചുവടുവെയ്പ്പായിരുന്നു, പക്ഷേ, എന്റെ അഭിനിവേശം പിന്തുടരേണ്ടത് ആവശ്യമാണ്’, ഹോളി ഖലീജ് ടൈംസിനോട് അനുഭവം പങ്കുവെച്ചു. ഹോളി ഒരു ബ്രൈഡല്‍ ബുടിക് തുറന്നപ്പോള്‍ അമേലിയ ഒരു മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു. ഒരു പ്രഭാതഭക്ഷണ കൂടിക്കാഴ്ചയിലാണ് ഇരുവരും തങ്ങളുടെ വിജയകരമായ സംരംഭങ്ങളെ കുറിച്ചും അധിക വരുമാനം സൃഷ്ടിക്കാനുള്ള അതിയായ ആഗ്രഹത്തെ കുറിച്ചും ചര്‍ച്ച ചെയ്തത്. ഈ കൂടിക്കാഴ്ച ഇരുവരുടെയും സംയുക്ത സംരംഭമായ ‘ഡേസ്ഡ് ആന്‍ഡ് എന്‍ഗേജ്ഡ്’ എന്ന ഇ- കൊമേഴ്‌സ് സ്റ്റോര്‍ എന്ന അവിസ്മരണീയമായ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിനുള്ള ആശയത്തിന് വഴിതെളിച്ചു. ഹോളിയെയും അമേലിയയെും പോലെ, ഇന്ത്യക്കാരിയായ ഷെറി ഗുപ്തയും ദുബായില്‍ തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുകയാണ്. ദുബായില്‍ സ്വന്തമായി ഒരു പിആര്‍ ഏജന്‍സി ആരംഭിച്ചിരിക്കുകയാണ് ഈ 35കാരി. 6,000 ദിര്‍ഹം ശമ്പളം വാങ്ങിയിരുന്ന ഷെറി അവസാന ജോലിയില്‍ 10,000 ദിര്‍ഹം വരെ സമ്പാദിച്ചു. ഇപ്പോള്‍ മുന്‍പത്തെ ശമ്പളത്തേക്കാള്‍ 10 മടങ്ങ് വരുമാനമാണ് നേടുന്നത്. ഷെറി തന്റെ ഔദ്യോഗിക യാത്ര മുംബൈയിലാണ് ആരംഭിച്ചത്. തുടര്‍ന്ന്, ന്യൂഡല്‍ഹിയില്‍ എന്‍ഡിടിവിയില്‍ ജോലി ചെയ്തു. പിന്നീട്, ഖത്തറില്‍ ഒരു പത്രത്തിലും ഷെറി ജോലി ചെയ്തു. ‘നിങ്ങള്‍ മാനസികമായി ശക്തരായിരിക്കണം. കുടുംബ പിന്തുണ ഉണ്ടായിരിക്കുകയും വേണം. ബിസിനസും വ്യക്തിജീവിതവും കൈകാര്യം ചെയ്യുന്നത് കഠിനമാണ്, അതിനാല്‍ പ്രതിബദ്ധത അത്യാവശ്യമാണ്’, ഒരു വനിതാ സംരംഭക എന്ന നിലയില്‍ സമാനമായ പാതയിലേക്ക് നീങ്ങുന്നവര്‍ക്ക് ഷെറി ഉപദേശിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *