Posted By saritha Posted On

ജോലി അന്വേഷിച്ചുവരുന്നവരുടെ ശ്രദ്ധയ്ക്ക്; വ്യാജ ഏജൻസികളുടെ പട്ടിക പുറത്തിറക്കി ഇന്ത്യൻ എംബസി; വിശദാംശങ്ങൾ

കുവൈത്ത് സിറ്റി: വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും പട്ടിക പുറത്തിറക്കി ഇന്ത്യൻ എംബസി. കുവൈത്തിൽ ജോലിക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ കെണിയിൽ വീഴാതിരിക്കാൻ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പട്ടിക പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം എംബസി ലേബർ വിഭാ​ഗം വെബ്സൈറ്റിൽ പുതുക്കിയ പട്ടിക അപ്ലോഡ് ചെയ്തിരുന്നു. 18 ഇന്ത്യൻ ഏജൻസികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകൾ പട്ടികയിൽ പുതുതായി ചേർത്തിട്ടുണ്ട്. ഡൽഹിയിലെ എട്ട് ഏജൻസികളും മുംബൈയിലെ നാല് ഏജൻസികളും ഈ പട്ടികയിലുണ്ട്. കുവൈത്തിലെ ജനറൽ ട്രേഡിങ്, കോൺട്രാക്ടിങ്, കേറ്ററിങ്, റെസ്റ്റോറന്‍റുകൾ, മെഡിക്കൽ, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അൽ മനാർ സ്റ്റാർ കമ്പനി ഫോർ ഡെലിവറിങ് കണ്‍സ്യൂമർ ഓർഡേഴ്‌സ്, ഹുദാസ് സെന്‍റർ ഫോർ ഏർലി ലേണിങ് കമ്പനി ഫോർ മാനേജിങ് നഴ്സ് എന്നിവയും ഈ പട്ടികയിലുണ്ട്. പാസ്‌പോർട്ട് പിടിച്ചുവയ്ക്കൽ, ശമ്പളം നൽകാതിരിക്കൽ, ശാരീരിക പീഡനം തുടങ്ങിയ പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ കമ്പനികളെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കമ്പനികളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് എങ്ങനെ?

എംബസിയിൽ ലഭിക്കുന്ന പരാതികൾ ആദ്യം ബന്ധപ്പെട്ട കമ്പനികളുമായി ചർച്ച ചെയ്യും. പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ, പരാതികൾ പരിഹരിച്ചില്ലെങ്കിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും തൊഴിലാളികളോട് കോടതിയിൽ കേസ് കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട കമ്പനികളിലേക്ക് പുതിയ ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ എംബസി അനുവദിക്കില്ല. ഈ കമ്പനികൾക്ക് തൊഴിലാളി റിക്രൂട്ട്‌മെന്‍റിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സംവിധാനത്തിൽ നിന്ന് താത്കാലികമായി നിരോധിക്കും. വിശദമായ അന്വേഷണം നടത്തിയതിന് ശേഷമേ ഒരു കമ്പനിയെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുകയുള്ളൂ. ഈ ബ്ലാക്ക്‌ലിസ്റ്റിൽ നിന്ന് പുറത്തുവരാൻ ആഗ്രഹിക്കുന്ന കമ്പനികൾ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ അനുകൂല റിപ്പോർട്ട് സമർപ്പിക്കണം. അതിനായി, അവർ മുൻപ് ചെയ്ത തെറ്റുകൾ പൂർണ്ണമായും പരിഹരിക്കുകയും വേണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *