Posted By saritha Posted On

1968 ല്‍ യുഎഇയിലെത്തി, 56 വര്‍ഷത്തെ പ്രവാസജീവിതം, യുഎഇയുടെ പിറവിക്ക് മുന്‍പെത്തിയ മലയാളി….

ദുബായ്: 1968 ലാണ് കണ്ണൂരുകാരനായ കൃഷ്ണന്‍ യുഎഇയിലെ ഖോര്‍ഫക്കാന്‍ തീരത്തെത്തിയത്. ഗുജറാത്തില്‍നിന്ന് പുറപ്പെട്ട കൃഷ്ണന്‍ 12 ദിവസം പത്തേമാരിയിലായിരുന്നു യാത്ര. കണ്ണൂര്‍ ഏഴിലോട് സ്വദേശിയായ പണ്ടാരവളപ്പില്‍ കൃഷ്ണന്‍ തിരുവാതിര കൃഷ്ണന്‍ എന്നും അറിയപ്പെടുന്നു. യുഎഇ 53ാം ദേശീയദിനം ആഘോഷിക്കുമ്പോള്‍ കൃഷ്ണന്‍ യുഎഇയിലെത്തിയിട്ട് 56 വര്‍ഷത്തിലേറെയായി. അതായത്, യുഎഇയുടെ പിറവിക്ക് മുന്‍പ് കൃഷ്ണന്‍ യുഎഇയിലെത്തി. ഗാരേജില്‍നിന്നാണ് കൃഷ്ണന്‍റെ ജീവിതം തുടങ്ങിയത്. നിലവില്‍ ദുബായ് റാസൽഖോറിൽ സ്പെയർപാർട്‌സ്, ഗാരേജ് സംരംഭം നടത്തുകയാണ് ഈ 75കാരന്‍. ഇന്നത്തെ യുഎഇ ബ്രിട്ടന്‍റെ അധിനിവേശത്തിൻ കീഴിലുള്ളപ്പോഴാണ് കൃഷ്ണൻ പ്രവാസജീവിതം തുടങ്ങിയത്. യുഎഇയിലെ തന്‍റെ ആദ്യയാത്ര ഇപ്പോഴും ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമാണ് കൃഷ്ണന്. ആവശ്യത്തിന് ഭക്ഷണമോ ഉറക്കമോ കിട്ടാത്ത അന്നത്ത യാത്ര ഇപ്പോള്‍ ഓര്‍ക്കുമ്പോഴും നെഞ്ചുപൊള്ളിപ്പോകുമെന്ന് കൃഷ്ണന്‍ പറയുന്നു. യുഎഇയില്‍ വന്ന ആദ്യ 12 വര്‍ഷം മറ്റൊരാളുടെ സ്ഥാപനത്തിലാണ് ജോലി ചെയ്തത്. 1980 മുതല്‍ സ്വന്തം സംരംഭം നേടിയെടുത്തു. യുഎഇയുടെ വളർച്ച കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നെന്ന് കൃഷ്ണന്‍ പറയുന്നു. മധുരവും കയ്പും കലര്‍ന്ന ഒട്ടേറെ അനുഭവങ്ങള്‍ കൃഷ്ണനുണ്ട് പറയാന്‍. ‘യുഎഇില്‍ വന്നകാലത്ത് ചൂടിലും തണുപ്പിലും എസിയോ ഹീറ്ററോ ഇല്ലാതെയാണ് ജീവിച്ചത്. ഫാൻപോലും അപൂർവം മാത്രം. ദുബായ് സത്വയിൽ പനയോലകൊണ്ട് കെട്ടിമറച്ച ‘ചോപ്പ്ഡ’ എന്ന ചെറിയ സൗകര്യത്തിൽ ജീവിച്ചിട്ടുണ്ട്. ചൂടിൽ പനയോലത്തണുപ്പാണ് കിടന്നുറങ്ങിയത്. പാക്ക് ചെയ്യുന്ന ഹാർഡ് ബോർഡുകളിലും കിടക്കും. ഇന്നത്തെപ്പോലെ വെള്ളം സുലഭമല്ല, അത്യാവശ്യത്തിന് ഓരോ ടിൻ വെള്ളം കിട്ടും. ഒരു ടിൻ വെള്ളത്തിന് ‘രണ്ടണ’യാണ് വില. പൈപ്പ് ലൈൻ ഏതാനും ചില സ്വദേശി വീടുകളിൽ മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. കുറഞ്ഞ ജീവിതച്ചെലവുള്ള കാലംകൂടിയായിരുന്നു അത്. അതിനാൽ കിട്ടുന്ന ശമ്പളത്തിൽനിന്ന് കാര്യമായി മിച്ചംപിടിക്കാനും കൃഷ്ണന് സാധിച്ചു. ഇന്നത്തെ ദുബായ് പോസ്റ്റ് ഓഫീസ് യുഎഇയ്ക്കും മുൻപുണ്ടായിരുന്നു. എന്നാൽ, ബാങ്കുകൾ അപൂർവം മാത്രമായിരുന്നെന്നും കൃഷ്ണൻ ഓർത്തെടുക്കുന്നു. ഇന്ത്യൻ എംബസി അക്കാലത്ത് മസ്കത്തിലാണ് പ്രവർത്തിച്ചത്. നാട്ടിൽനിന്ന് കത്ത് ലഭിക്കാൻ ഒരുമാസംവരെ സമയമെടുത്തിരുന്നു. അക്കാലത്ത് നാട്ടിലേക്ക് നേരിട്ടുവിളിക്കാൻ സാധിക്കില്ല, ട്രങ്ക് വഴി ബുക്ക് ചെയ്ത് കാത്തിരിക്കണം. ആ കാത്തിരിപ്പ് ചിലപ്പോൾ ഒരുദിവസം എടുക്കും’, കൃഷ്ണന്‍റെ വാക്കുകള്‍. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *