
ഐഫോൺ 16 പ്രൊ ഓർഡർ ചെയ്തു, പെട്ടി തുറന്നുനോക്കിയപ്പോള്‍ കണ്ടത് പ്ലാസ്റ്റിക് ഡമ്മി; യുഎഇയിൽ ഇന്ത്യക്കാരൻ തട്ടിപ്പിനിരയായി
ദുബായ്: യുഎഇയില്‍ തട്ടിപ്പിനിരയായി ഇന്ത്യക്കാരന്‍. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഐഫോണിന് പകരം എത്തിയത് പ്ലാസ്റ്റിക് ഡമ്മിയാണ്. ഇന്ത്യക്കാരനായ സിറാജുദ്ദീനാണ് ഓൺലൈനായി ഐഫോൺ 16 പ്രൊ ഓർഡർ ചെയ്തത്. റമദാൻ പ്രമാണിച്ചുള്ള വമ്പൻ ഓഫറുകൾ കണ്ടിട്ടാണ് ഓൺലൈനായി ഫോൺ വാങ്ങാമെന്ന തീരുമാനത്തിലേക്ക് സിറാജുദ്ദീന്‍ എത്തിയത്. റീടെയിൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നതിന് പകരം ഇങ്ങനെ വാങ്ങുമ്പോൾ സമയം ലാഭിക്കാമെന്നും നിരവധി ഓഫറുകൾ ലഭിക്കുമെന്നുമാണ് സിറാജുദ്ദീന്‍ കരുതിയിരുന്നത്. റീടെയിൽ സ്റ്റോറുകൾ പറഞ്ഞ വിലയേക്കാൾ കുറവായിരുന്നു ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കണ്ടതെന്ന് സിറാജുദ്ദീൻ പറഞ്ഞു. 4,199 ദിർഹം ചെലവഴിച്ചാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് ഐഫോൺ ഓർഡർ ചെയ്തത്. ഓർഡർ ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ തന്റെ ദേരയിലുള്ള വീട്ടിലേക്ക് സാധനം എത്തുകയും ചെയ്തു. ഹൈദരാബാദിലുള്ള സഹോദരിക്ക് പൊരുന്നാൾ സമ്മാനം നൽകാനാണ് ഇത് ഓർഡർ ചെയ്തെന്നും ഇയാൾ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഡെലിവറി ചെയ്ത പെട്ടി തുറന്നുനോക്കാതെ തന്നെ അത് ഇന്ത്യയിലേക്ക് പോകാനിരുന്ന തന്റെ സുഹൃത്തിനെ ഏൽപ്പിച്ചു. നാട്ടിൽ സഹോദരിയുടെ കയ്യിൽ സുഹൃത്ത് സമ്മാനം ഏൽപ്പിച്ചു. തുറന്നു നോക്കിയപ്പോള്‍ ഐഫോണിന്റെ പ്ലാസ്റ്റിക് ഡമ്മിയായിരുന്നു കണ്ടത്. സഹോദരി കരുതിയത് സഹോദരൻ ഏപ്രിൽ ഫൂൾ ആക്കിയതെന്നാണ്. ഇതിൽ പരാതി പറയാൻ അവൾ വിളിച്ചപ്പോഴാണ് താൻ ഇക്കാര്യം അറിയുന്നതെന്നും ഉടൻ തന്നെ അത് തിരിച്ചയക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നും സിറാജുദ്ദീൻ പറഞ്ഞു. സിറാജുദ്ദീന്‍ ഓൺലൈൻ പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട അധികൃതർക്കെതിരെ ഉടൻ തന്നെ പരാതിപ്പെട്ടു. ചെലവാക്കിയ പണം മുഴുവൻ തിരികെ ആവശ്യപ്പെടുകയും ചെയ്തു. വൈകാതെ തന്നെ പണം തിരികെ ലഭിച്ചു. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതേതുടർന്ന് അന്വേഷണം നടന്നുവരികയാണെന്നും ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ വക്താവ് അറിയിച്ചു.
Comments (0)