Posted By saritha Posted On

ചില രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ ആജീവനാന്ത ഗോൾഡൻ വിസ? വാര്‍ത്തകളിലെ സത്യാവസ്ഥ എന്ത്?

UAE Lifetime Golden Visa ദുബായ്: ചില രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ ആജീവനാന്ത ഗോൾഡൻ വിസ നൽകുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി). ചില പ്രാദേശിക, വിദേശ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലുമാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച വാർത്തകൾ തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലെ ചില ഓൺലൈൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഗോൾഡൻ റസിഡൻസിയുടെ വിഭാഗങ്ങളും നിബന്ധനകളും വ്യവസ്ഥകളും ഔദ്യോഗിക നിയമങ്ങൾക്കും മന്ത്രിതല തീരുമാനങ്ങൾക്കും അനുസൃതമായി വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ടെന്ന് ഐസിപി വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദവിവരങ്ങൾ അതോറിറ്റിയുടെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്ലിക്കേഷനിലോ ലഭ്യമാണ്. യുഎഇയിലെ ഔദ്യോഗിക സർക്കാർ ചാനലുകളിലൂടെ മാത്രമാണ് ഗോൾഡൻ വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. ഇതിനായി രാജ്യത്തിന് അകത്തോ പുറത്തോ മറ്റൊരു കൺസൽറ്റൻസി സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek മറ്റൊരു രാജ്യത്തെ ഒരു കൺസൽറ്റൻസി ഓഫിസ് മുഖേന ലളിതമായ വ്യവസ്ഥകളിൽ യുഎഇക്ക് പുറത്തുനിന്ന് എല്ലാ വിഭാഗക്കാർക്കും ആജീവനാന്ത ഗോൾഡൻ വിസ നേടാമെന്ന് അവകാശപ്പെട്ട് ചില ഇന്ത്യൻ ഓൺലൈൻ മാധ്യമങ്ങളിലടക്കം വാർത്തകൾ പ്രചരിച്ചിരുന്നു. ഈ അവകാശവാദങ്ങൾക്ക് നിയമപരമായ അടിസ്ഥാനമില്ലെന്നും യുഎഇയിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപനമില്ലാതെയാണ് ഇവ നടത്തിയതെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. അപേക്ഷകർക്ക് സുരക്ഷിതവും സുതാര്യവുമായ അന്തരീക്ഷം ഒരുക്കുന്നതിനും ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അധികൃതര്‍ ആവർത്തിച്ചു പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *