
AC Compressor ബന്ധുവിന്റെ വിവാഹത്തിനായെത്തി; വീടിന്റെ സൺഷെയ്ഡിൽ സ്ഥാപിച്ചിരുന്ന എസിയുടെ കമ്പ്രസർ വൃത്തിയാക്കുന്നതിനിടെ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു
AC Compressor ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. പാറയംകാട് സ്വദേശി താനത്തുപറമ്പിൽ അൻവർ ആണ് മരിച്ചത്. 43 വയസായിരുന്നു. വീടിന്റെ സൺഷെയ്ഡിൽ സ്ഥാപിച്ചിരുന്ന എസിയുടെ കമ്പ്രസർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് വീണ അൻവറിനെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അബുദാബിയിലെ ഷിപ്പിങ് കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അൻവർ. 10 ദിവസങ്ങൾക്ക് മുൻപാണ് അൻവർ അവധിയ്ക്കായി നാട്ടിലെത്തിയത്. സാധാരണയായി ആറു മാസത്തിലൊരിക്കൽ അൻവർ നാട്ടിലേക്ക് അവധിയ്ക്ക് എത്താറുള്ളതാണ്. എന്നാൽ, ഇത്തവണ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു അൻവർ നാട്ടിലേക്കെത്തിയത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അൻവറിന് ഷോക്കേറ്റത്. ഈ സമയം ഭാര്യ ഷബാന അൻവറിനൊപ്പം ഉണ്ടായിരുന്നു. അൻവറിനെ രക്ഷിക്കാൻ ഷബാന ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബോധരഹിതനായി ഷബാനയുടെ മടിയിൽ വീണ അൻവറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Comments (0)