
Currency Fraud കറൻസി തട്ടിപ്പിന് ഇരയായി; വ്യാപാരിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി
Currency Fraud ദുബായ്: കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് 5000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. ആഫ്രിക്കൻ വംശജനായ വ്യാപാരിയെ വഞ്ചിച്ച കേസിൽ അറബ് വംശജനെതിരെയാണ് കോടതി വിധി. ദുബായ് സിവിൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാപാരിക്ക് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെ 118,800 ദിർഹം തിരിച്ചടക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കനേഡിയൻ വിതരണക്കാരനുമായി ഇടപാട് നടത്തുന്ന ആഫ്രിക്കൻ വ്യാപാരിക്ക് 1,17913 ദിർഹം യുഎസ് ഡോളറിലേക്ക് വിനിമയം ചെയ്യേണ്ടി വന്നതോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രാദേശിക ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ദിർഹം യുഎസ് ഡോളറിലേക്ക് വിനിമയം ചെയ്തു തരാമെന്ന് അറബ് വംശജൻ വ്യാപാരിയെ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ഒരു പ്രതിനിധി വഴി അറബ് വംശജന് പണം കൈമാറി. അറബ് വംശജൻ എടിഎമ്മിൽ പണം നിക്ഷേപിക്കുന്ന ഫോട്ടോയും വ്യാപാരിക്ക് അയച്ച് നൽകിയിരുന്നു. എന്നാൽ, നിശ്ചിത സമയം കഴിഞ്ഞിട്ടും കനേഡിയൻ വിതരണക്കാരന് പണം ലഭിച്ചില്ല. ഇതോടെ ഇയാൾ വ്യാപാരിക്കെതിരെ തിരിയുകയും പിഴ തുക ഉൾപ്പെടെ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അറബ് വംശജനിൽ നിന്നും പണം തിരികെ ലഭിക്കാനായി വ്യാപാരി ദുബായിൽ എത്തി. ഇടനിലക്കാർ മുഖേന പലതവണ ചർച്ചകൾ നടത്തിയെങ്കിലും ഇയാൾ പണം തിരികെ നൽകിയില്ല. അവസാനം സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് വ്യാപാരി കനേഡിയൻ വ്യാപാരിക്ക് അയച്ചു നൽകിയത്. പിന്നാലെ ഇദ്ദേഹം ദുബായ് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. രേഖകൾ പരിശോധിച്ച കോടതി പ്രതിക്കെതിരെ വിധി പുറപ്പെടുവിച്ചു. പ്രതി കൈപ്പറ്റിയ 1,17,913 ദിർഹവും 5000 ദിർഹം നഷ്ടപരിഹാരവും നൽകണമെന്നായിരുന്നു കോടതി വിധിച്ചത്.
Comments (0)