Posted By staff Posted On

Tailgating in Dubai ടെയിൽ ഗേറ്റിംഗ്; നിയമലംഘകർക്ക് പിഴ ഉൾപ്പെടെയുള്ള ശിക്ഷ, അറിയിപ്പുമായി ദുബായ് പോലീസ്

Tailgating in Dubai ദുബായ്: വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നിനെ കുറിച്ച് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. ഏറ്റവും അപകടകരമായ ഡ്രൈവിംഗ് ശീലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ടെയിൽഗേറ്റിംഗിനെ കുറിച്ചാണ് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. റോഡിൽ ഒരു വാഹനത്തിന്റെ തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നതാണ് ടെയിൽ ഗേറ്റിംഗ്. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇത്തരക്കാർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടി വരും. ഇത്തരം നിയമ ലംഘകരെ കണ്ടെത്താനായി എഐ പവേർഡ് റഡാറുകൾ ഉപയോഗിച്ച് ദുബായ് പോലീസ് പരിശോധന നടത്തുന്നുണ്ട്. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ സുരക്ഷിതമായ ദൂരമുണ്ടെന്ന് ഡ്രൈവർമാർ ഉറപ്പു വരുത്തണം. തന്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. റോഡുകളിൽ 2 സെക്കന്റ് റൂൾ പാലിച്ചാൽ നമുക്ക് സുരക്ഷിത ദൂരത്തിൽ വാഹനമോടിക്കാൻ കഴിയും. മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു – സൈൻ ബോർഡ്, ഏതെങ്കിലും പോസ്റ്റ്, അല്ലെങ്കിൽ റോഡിലുള്ള മറ്റേതെങ്കിലും മാർക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 2 സെക്കന്റുകൾക്ക് ശേഷമേ നമ്മുടെ വാഹനം ആ പോയിന്റ് കടക്കാൻ പാടുള്ളൂ. ഇതാണ് 2 സെക്കന്റ് റൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സമയം 2 സെക്കന്റിൽ താഴെയാണെങ്കിൽ നിങ്ങൾ അകലം വർദ്ധിപ്പിക്കേണ്ടതാണ്. മഴ, മൂടൽ മഞ്ഞ് തുടങ്ങിയ കാരണങ്ങളാൽ കാലാവസ്ഥാ മോശമാകുമ്പോൾ ഇത് 4 സെക്കന്റെങ്കിലും ആകണം. റോഡ് ഗതാഗത സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണം തുടരുമെന്ന് ദുബായ് പോലീസ് കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *