
UAE Traffic Law യുഎഇയിലെ ഗതാഗത നിയമം; ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയെല്ലാം
UAE Traffic Law യുഎഇയിലെ ഗതാഗത നിയമവുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച് അധികൃതർ. പരിഷ്‌ക്കരിച്ച ട്രാഫിക് നിയമം യുഎഇയിൽ മാർച്ച് 29 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഭേദഗതികൾ അറിയാം. യുഎഇ സർക്കാർ 2024ൽ പുറപ്പെടുവിച്ച, ഗതാഗത, റോഡ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള 2024ലെ ഫെഡറൽ ഉത്തരവ്-നിയമം നമ്പർ 14 അനുസരിച്ചാണ് നിയമഭേഗതി. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് കാബിനറ്റ് ജനറൽ സെക്രട്ടേറിയറ്റ് വികസിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ഔദ്യോഗിക യുഎഇ നിയമനിർമാണ പ്ലാറ്റ്‌ഫോമായ ‘യുഎഇ ലെജിസ്ലേഷൻ’ പുതിയ ഫെഡറൽ നിയമം ഡ്രൈവിങ് ലൈസൻസ് നേടുന്നതിൽ നിന്ന് മൂന്ന് വിഭാഗങ്ങളെ ഒഴിവാക്കുന്നു.
ഒഴിവാക്കിയ മൂന്ന് വിഭാഗങ്ങൾ
1.അപേക്ഷകരുടെ മാതൃരാജ്യത്ത് നിന്നുള്ള സാധുവായ ഡ്രൈവിങ് ലൈസൻസ് കൈവശമുണ്ടെങ്കിൽ.
2.സാധുവായ രാജ്യാന്തര ഡ്രൈവിങ് ലൈസൻസുള്ളവർ. യുഎഇയിൽ താമസിക്കുന്ന സമയത്ത് ട്രാൻസിറ്റ് അല്ലെങ്കിൽ സന്ദർശന ആവശ്യങ്ങൾക്കായി വാഹനമോടിക്കാൻ അവരെ അനുവദിക്കുന്നു.
3.നിയമ ഉത്തരവിലും അതിന്റെ എക്‌സിക്യൂട്ടീവ് ബൈലോകളിലും വിവരിച്ചിരിക്കുന്ന നിയന്ത്രണങ്ങൾക്കനുസൃതമായി, നോൺ റസിഡൻസി ആവശ്യങ്ങൾക്കായി യുഎഇയിൽ താമസിക്കാൻ അധികാരപ്പെടുത്തിയ സാധുവായ രാജ്യാന്തര അല്ലെങ്കിൽ വിദേശ താൽക്കാലിക ഡ്രൈവിങ് പെർമിറ്റ് ഉള്ളവർ.
ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ
1.അപേക്ഷകന് കുറഞ്ഞത് 17 വയസ്സുണ്ടായിരിക്കണം.
2.ലൈസൻസിങ് അതോറിറ്റി ആവശ്യപ്പെടുന്ന മെഡിക്കൽ പരിശോധന വിജയകരമായി പൂർത്തിയാക്കുകയോ എക്‌സിക്യൂട്ടീവ് ബൈലോകൾ അനുസരിച്ച് അംഗീകൃത മെഡിക്കൽ റിപോർട്ട് സമർപ്പിക്കുകയോ ചെയ്യുക.
3.എക്‌സിക്യൂട്ടീവ് ബൈലോകൾ നിഷ്‌കർഷിക്കുന്ന ഡ്രൈവിങ് ടെസ്റ്റ് പാസാകുക
ലൈസൻസുകളുടെ തരങ്ങൾ, അവയുടെ സാധുത കാലയളവുകൾ, വ്യവസ്ഥകൾ, പ്രായ വിഭാഗങ്ങൾ, ഇഷ്യൂ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ എക്‌സിക്യൂട്ടീവ് ബൈലോകൾ വ്യക്തമാക്കുന്നു.
ലൈസൻസ് താൽക്കാലികമായി നിർത്തിവയ്ക്കൽ
ലൈസൻസിങ് അതോറിറ്റിക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ പുതുക്കൽ നിരസിക്കാനോ കഴിയും. കൂടാതെ, ട്രാഫിക് എൻഫോഴ്സ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് റോഡ് സുരക്ഷാ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാം. ലൈസൻസ് സസ്പെൻഷൻ, അസാധുവാക്കൽ, പുതുക്കാതിരിക്കൽ, ഡ്രൈവർ പുനർമൂല്യനിർണയ പരിപാടികൾ എന്നിവയ്ക്കുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും എക്‌സിക്യൂട്ടീവ് ബൈലോകൾ വിശദീകരിക്കും.
ഡ്രൈവറുടെ തടങ്കൽ; ആറ് കുറ്റകൃത്യങ്ങൾ
ആറ് കുറ്റകൃത്യങ്ങളിൽ ഒന്ന് ചെയ്ത് പിടിക്കപ്പെടുന്ന ഡ്രൈവറെ അറസ്റ്റ് ചെയ്യാൻ നിയമ നിർവഹണ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്:
1.അശ്രദ്ധമായി വാഹനമോടിക്കുന്നത് മൂലം ഒരാൾക്ക് മരണമോ പരുക്കോ ഉണ്ടാക്കുക.
2.വാഹനമോടിക്കുമ്പോൾ മറ്റൊരാളുടെ സ്വത്തിന് കാര്യമായ നാശനഷ്ടം വരുത്തുക.
3.അശ്രദ്ധമായി അല്ലെങ്കിൽ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുക.
4.മദ്യം, മയക്കുമരുന്ന് അല്ലെങ്കിൽ നിയന്ത്രണത്തെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും വസ്തു എന്നിവയുടെ സ്വാധീനത്തിൽ വാഹനമോടിക്കുക.
5.മേൽപറഞ്ഞ ഏതെങ്കിലും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുകയോ തെറ്റായ വിവരങ്ങൾ അവതരിപ്പിക്കുകയോ ചെയ്യുക.
6.അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയോ നിയമപാലകർ നിർത്താൻ ആശ്യപ്പെട്ടിട്ടും നിർത്താതിരിക്കുകയോ അവഗണിക്കുകയോ ചെയ്താൽ.
ലൈസൻസില്ലാതെ വാഹനമോടിച്ചാലുള്ള പിഴകൾ
1.യുഎഇയിൽ അംഗീകരിക്കാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് ആദ്യമായി വാഹനമോടിക്കുന്നവർക്ക് 2,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ. ആവർത്തിച്ചുള്ള നിയമലംഘകർക്ക് കുറഞ്ഞത് 3 മാസം തടവും 5,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴയും ലഭിക്കും.
2.ലൈസൻസ് ഇല്ലാതെയും സാധുതയില്ലാത്ത ലൈസൻസ് ഉപയോഗിച്ച് വാഹനമോടിച്ചതിന് 5,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ 3 മാസം വരെ തടവോ ലഭിക്കും. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 3 മാസം തടവും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയും.
3.കാൽനടയാത്രക്കാർക്കും വ്യക്തിഗത മൊബിലിറ്റി ഉപകരണ ഉപയോക്താക്കൾക്കും നിയുക്ത സ്ഥലങ്ങൾക്ക് പുറത്ത് റോഡുകളിൽ നിൽക്കാനോ കുറുകെ കടക്കാനോ നിയമം വിലക്കുന്നു. മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗ പരിധിയുള്ള റോഡുകൾക്ക് കുറുകെ കടക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പാലിക്കാത്തതിന് കാൽനടയാത്രക്കാർ പൂർണ സിവിൽ, ക്രിമിനൽ നിയമനടപടി നേരിടേണ്ടിവരും.
Comments (0)