
Head Light യുഎഇയിൽ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്
Head Light ദുബായ്: രാത്രികാലങ്ങളിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ. സൂര്യാസ്തമയത്തിന് ശേഷം ഹെഡ്ലൈറ്റ് ഓണാക്കിയില്ലെങ്കിൽ കനത്ത പിഴയും ഡ്രൈവിങ് റെക്കോർഡിൽ ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നാണ് യുഎഇ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയം, മൂടൽമഞ്ഞ്, കനത്ത മഴ പോലുള്ള കാഴ്ച കുറഞ്ഞ സാഹചര്യങ്ങളിൽ ഹെഡ് ലൈറ്റ് ഇട്ടിരിക്കണമെന്നാണ് നിർദ്ദേശം. നിയമലംഘകർക്കെതിരെ കർശന നടപടിയാണ് രാജ്യത്ത് സ്വീകരിക്കുന്നത്. രാത്രിയിൽ ഹെഡ് ലൈറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ 500 ദിർഹം പിഴയും, ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾക്ക് തകരാറുണ്ടെങ്കിൽ പിഴ 400 ദിർഹമായി കുറയും. എന്നാൽ, ആറ് ബ്ലാക്ക് പോയിന്റുകൾ ലഭിക്കുന്നതാണ്. ഹെഡ് ലൈറ്റ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിലൂടെ കാഴ്ച്ച മെച്ചപ്പെടുമെന്നും അപകടങ്ങൾ ഒഴിവാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇരുണ്ട റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഹൈ ബീം ലൈറ്റുകൾ ദൂരെ കാഴ്ച ലഭിക്കാൻ സഹായിക്കുമെങ്കിലും ഇത് തെറ്റായി ഉപയോഗിക്കുന്നത് അപകടകരമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യുടെ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഹാൻഡ്ബുക്ക് അനുസരിച്ച്, രണ്ട് സാഹചര്യങ്ങളിൽ മാത്രമേ ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കാൻ പാടുള്ളൂ. വഴിവിളക്കുകളില്ലാത്ത ഹൈവേകളിൽ: വെളിച്ചമില്ലാത്ത ഹൈവേകളിൽ ഹൈ ബീം ഉപയോഗിക്കാം. എന്നാൽ, നല്ല വെളിച്ചമുള്ള സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കാൻ പാടില്ല. കാഴ്ച കുറഞ്ഞ സാഹചര്യങ്ങളിൽ, ഇരുണ്ടതും അവ്യക്തവുമായ സാഹചര്യങ്ങളിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ ഹൈ ബീം ഉപയോഗിക്കാം. ഹൈ ബീം ലൈറ്റുകൾ മറ്റ് ഡ്രൈവർമാരുടെ കാഴ്ചയെ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിനാൽ, മറ്റൊരു വാഹനം സമീപിക്കുമ്പോൾ ലോ ബീമിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു.
Comments (0)