
യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍
New Passport Standards UAE ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ടുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. സെപ്തംബർ ഒന്ന് മുതൽ അപേക്ഷകർക്ക് പുതിയ ഫോട്ടോ മാനദണ്ഡങ്ങൾ നിർബന്ധമാക്കും. ഇതോടെ, മിക്ക അപേക്ഷകർക്കും പാസ്‌പോർട്ട് അപേക്ഷ സമർപ്പിക്കുമ്പോൾ പുതിയ ഫോട്ടോ എടുക്കേണ്ടിവരും. ഇന്‍റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുള്ള ഫോട്ടോകളാണ് ഇനിമുതൽ ആവശ്യമായി വരിക. ആഗോളതലത്തിൽ യാത്രാരേഖകൾക്ക് ബയോമെട്രിക്, ഐഡന്‍റിറ്റി മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന സ്ഥാപനമാണ് ഐസിഎഒ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഈ മാറ്റം. പാസ്‌പോർട്ട് സേവാ പോർട്ടൽ വഴി എല്ലാ എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. സെപ്തംബർ ഒന്ന് മുതൽ ഐസിഎഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകളുള്ള പാസ്‌പോർട്ട് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രസ് വിങ് അറിയിച്ചു. ഇത് ഐസിഎഒയുടെ രാജ്യാന്തര യാത്രാ നിയമങ്ങളുടെ ഭാഗമാണെന്നും വ്യക്തമാക്കി. അബുദാബിയിലെ ഇന്ത്യൻ എംബസിയും ഈ പുതിയ നിയമം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy പുതിയ പാസ്‌പോർട്ട് ഫോട്ടോ മാനദണ്ഡങ്ങൾ- 630×810 പിക്സൽ വലുപ്പമുള്ള കളർ ഫോട്ടോ, വെള്ള പശ്ചാത്തലം നിർബന്ധം, തലയും തോളും വ്യക്തമായി കാണണം, മുഖം ഫ്രെയിമിന്റെ 80-85% ഭാഗം ഉൾക്കൊള്ളണം, മുഖം മുഴുവനായും നേരെ നോക്കി, കണ്ണുകൾ തുറന്നിരിക്കണം, ഭാവങ്ങൾ സ്വാഭാവികമായിരിക്കണം, മുടി കണ്ണുകൾ മറയ്ക്കാൻ പാടില്ല. വായ അടച്ചിരിക്കണം, മുഖത്ത് നിഴലുകളോ, ചുവപ്പ് നിറത്തിലുള്ള കണ്ണുകളോ, ഫ്ലാഷിന്റെ പ്രതിഫലനങ്ങളോ ഉണ്ടാകരുത്, ശരീരത്തിലെ തൊലിയുടെ നിറം സ്വാഭാവികമായി തോന്നണം, തല ഫ്രെയിമിന്റെ മധ്യഭാഗത്ത് തലമുടിയുടെ മുകൾഭാഗം മുതൽ താടി വരെ ഉൾക്കൊള്ളണം, ഏകദേശം 1.5 മീറ്റർ അകലെ നിന്ന് ഫോട്ടോ എടുക്കണം. അവ്യക്തമായതോ ഡിജിറ്റലായി മാറ്റങ്ങൾ വരുത്തിയതോ ആയ ഫോട്ടോകൾ സ്വീകാര്യമല്ല, കണ്ണട ഒഴിവാക്കണം, മതപരമായ കാരണങ്ങളാൽ തല മറയ്ക്കുന്ന വസ്ത്രങ്ങൾ അനുവദനീയമാണ്, എന്നാൽ മുഖം മുഴുവനായി കാണണം.
∙നവജാത ശിശുക്കളുടെ ഫോട്ടോ പുറത്ത് നിന്നെടുക്കണം. പുതിയ നിയമത്തെക്കുറിച്ച് കോൺസുലേറ്റിന്റെ വെബ്‌സൈറ്റിലും അവരുടെ ഔട്ട്‌സോഴ്‌സ്ഡ് പാസ്‌പോർട്ട് സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷനലിനെയും അറിയിച്ചിട്ടുണ്ട്.
Comments (0)