Posted By staff Posted On

Gulf professional എന്തുകൊണ്ടാണ് ഗൾഫ് പ്രൊഫഷണലുകൾ കേരളത്തിലേക്ക തിരിച്ചെത്തുന്നത്? റിപ്പോർട്ട് പുറത്ത്

Gulf professional ദുബായ്: കേരളത്തിലേക്ക് തിരിച്ചെത്തുന്ന ഗൾഫ് പ്രൊഫഷണലുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റിൽ പുറത്തിറക്കിയ ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും അധികകം പേർ മടങ്ങിയെത്തിയത് യുഎഇയിൽ നിന്നാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുഎഇയിൽ നിന്ന് 9,800-ലധികം പ്രൊഫഷണലുകൾ തിരിച്ചെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയിൽ നിന്നും യുകെയിൽ നിന്നും 1,600-ലധികം പേർ വീതം തിരിച്ചെത്തിയെന്നും ഖത്തറിൽ നിന്നും 1,400 പേർ തിരിച്ചെത്തിയെന്നും യുഎസിൽ നിന്നും 1,200 പേർ തിരിച്ചെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൾഫിൽ നിന്ന് മടങ്ങിയെത്തുന്ന പ്രൊഫഷണലുകൾ ബിസിനസ് പ്രവർത്തനങ്ങൾ, ധനകാര്യം, സംരംഭകത്വം എന്നിവയിൽ വൈദഗ്ദ്ധ്യം കൊണ്ടുവരുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഡിജിറ്റൽ, പ്രൊഫഷണൽ പരിശീലനങ്ങളിലെ പങ്കാളിത്തം ഇരട്ടിയായി. കൃത്രിമബുദ്ധി, ഡാറ്റ വിശകലനം, സാമ്പത്തിക ആസൂത്രണം തുടങ്ങിയവയെല്ലാം നിർണായക ഘടകങ്ങളാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ പ്രൊഫഷണൽ തൊഴിൽ ശക്തി 172% വർദ്ധിച്ചു. പ്രൊഫഷണൽ തൊഴിൽ ശക്തികളിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം ഒമ്പതാം സ്ഥാനത്താണ്. ഏകദേശം 40% പ്രൊഫഷണലുകളും കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തൂണുകളായി സാങ്കേതികവിദ്യ, ധനകാര്യം, വിദ്യാഭ്യാസം എന്നിവയെ ഉയർത്തിക്കാട്ടുന്ന പ്രധാന റോളുകളിൽ സോഫ്റ്റ് വെയർ എഞ്ചിനീയർമാർ, അക്കൗണ്ടന്റുമാർ, അധ്യാപകർ എന്നിവർ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നിയമന മേഖലകളായ ഐടി സേവനങ്ങൾ, ധനകാര്യം, ആരോഗ്യ സംരക്ഷണം, നിർമ്മാണം എന്നിവയ്ക്ക് കേരളത്തിൽ ശക്തമായ അടിത്തറയുണ്ട്. കേരളത്തിൽ തൊഴിൽ ശക്തിയുടെ 37% സ്ത്രീകളാണ്. പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റിത്തീർക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള വളർച്ചയിൽ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾക്കും സേവനങ്ങൾക്കും വലിയ പ്രാധാന്യമാണുള്ളത്. നൈപുണ്യ വികസനത്തിലെ നൂതനമായ രീതികൾ ചർച്ച ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചത്. തൊഴിൽ മേഖലയിലെ പുതിയ അവസരങ്ങൾ, കേരളത്തിന്റെ സാധ്യതകൾ, നൈപുണിയും വിദ്യാഭ്യാസവും, ഇന്നൊവേഷൻ എക്കോസിസ്റ്റം നിർമ്മിതി, വർക്ക് ഫ്രം കേരള വർക്ക് ഫോർ വേൾഡ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിലപ്പെട്ട ചർച്ചകൾ സമ്മിറ്റിന്റെ ഭാഗമായി നടന്നിട്ടുണ്ട്. ഓസ്ട്രേലിയ, കൊറിയ, സിംഗപ്പൂർ, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും നിക്ഷേപകരും സമ്മിറ്റിൽ പങ്കെടുത്തു. അന്താരാഷ്ട്ര ഏജൻസികളായ ഐ.എൽ.ഒ, വേൾഡ് ബാങ്ക്, എ.ഡി.ബി, യു.എൻ.ഡി.പി തുടങ്ങിയവയിലെ വിദഗ്ധരുടെ സാന്നിധ്യവും പ്രയോജനപ്പെട്ടു. വിജ്ഞാന കേരളം പദ്ധതിയിലൂടെ ഈ അക്കാദമിക് വർഷാവസാനത്തോടെ രണ്ട് ലക്ഷം അവസാന വർഷ വിദ്യാർത്ഥികൾക്ക് നൈപുണി പരിശീലനം നൽകാനും, ഒരു ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകാനുമുള്ള ബൃഹത് പരിപാടിയാണ് സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുള്ളത്. അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കേരളത്തിൽ തന്നെ തൊഴിലവസരം സൃഷ്ടിക്കുക എന്ന പ്രഖ്യാപിത നയം വൻതോതിൽ പ്രാവർത്തികമാക്കാൻ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *