
Flight Returns സാങ്കേതിക തകരാർ; യുഎഇയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം രണ്ടര മണിക്കൂറിലേറെ പറന്ന ശേഷം പാതിവഴിയിൽ മടങ്ങി
Flight Returns കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പാതിവഴിയിൽ മടങ്ങി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം കൊച്ചിയിൽ തന്നെ തിരിച്ചിറക്കിയത്. വെള്ളിയാഴ്ച രാത്രി 11.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ 6ഇ 1403 വിമാനം രണ്ടര മണിക്കൂറിലേറെ പറന്ന ശേഷം പുലർച്ചെ 1.45ന് കൊച്ചിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിൽ 180 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ റഡാർ സംവിധാനം തകരാറിലായതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. എയർബസിന്റെ എ320 നിയോ വിമാനമാണ് സർവീസിന് ഉപയോഗിച്ചിരുന്നത്. യാത്രക്കാരെ പുലർച്ചെ 3.30ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട മറ്റൊരു വിമാനത്തിൽ അബുദാബിയിലേക്ക് കൊണ്ടുപോയി. ആദ്യ വിമാനത്തിലെ യാത്രക്കാരുടെ ഡ്യൂട്ടി സമയം അവസാനിച്ചതിനെ തുടർന്ന് മറ്റൊരു സംഘം ജീവനക്കാരാണ് പുതിയ സർവീസ് നടത്തിയത്. തകരാറിലായ വിമാനം കൊച്ചിയിലെ എയർക്രാഫ്റ്റ് മെയ്ന്റനൻസ് ഹാംഗറിലേക്കു മാറ്റിയിരിക്കുകയാണ്. സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രമേ വിമാനം വീണ്ടും സർവീസ് നടത്തൂവെന്ന് അധികൃതർ അറിയിച്ചു.
Comments (0)