
Visa Regulations കുടിയേറ്റ നയത്തിൽ വലിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി മലയാളികളുടെ ഇഷ്ട രാജ്യം; വിസയ്ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിർബന്ധമോ?
Visa Regulations കുടിയേറ്റ നയത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ യുകെ. വിസാ ചട്ടങ്ങളിൽ വലിയ മാറ്റത്തിനുള്ള തയ്യാറെടുപ്പുകളാണ് യുകെ നടത്തുന്നത്. വിദഗ്ധ തൊഴിലാളികളാണെങ്കിലും ആശ്രിതരാണെങ്കിലും വിസ ലഭിക്കണമെങ്കിൽ ഇംഗ്ലീഷ് ഭാഷയിലുള്ള മികവ് തെളിയിക്കണമെന്ന കടമ്പ കർശനമാക്കാനൊരുങ്ങുകയാണ് യുകെ സർക്കാർ. ‘കുടിയേറ്റ സംവിധാനത്തിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുക’ എന്നാണ് 2025 മേയ് മാസത്തിൽ തയാറാക്കിയ കരട് കുടിയേറ്റ നയത്തിന്റെ തലക്കെട്ട്. കുടിയേറ്റം കുറക്കുകയെന്ന ലക്ഷ്യത്തിലുള്ള വിസ ചട്ടങ്ങൾ യുകെ പാർലമെന്റ് കോമൺസ് ലൈബ്രറിയിൽ വിശദമായി നൽകിയിട്ടുണ്ട്. ചട്ടങ്ങളിലെ പ്രധാന നിർദേശം യുകെ വിസ അനുവദിക്കാൻ ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം കൂടുതൽ കർശനമാക്കുകയെന്നതാണ്. നിലവിൽ യുകെ വിസക്കായി ഇംഗ്ലീഷ് ഭാഷാ പരീക്ഷ നടത്തുന്നവർക്കും ഈ മാറ്റങ്ങൾ ബാധകമായേക്കും. എന്നാൽ, എന്താണ് ഭാഷാ പ്രാവീണ്യത്തിലുള്ള ചട്ടങ്ങളെന്നോ എന്നു മുതലാണ് അത് നിലവിൽ വരികയെന്നോ ഏതു രീതിയിലാണ് ഭാഷാ പ്രാവീണ്യം പരിശോധിക്കുകയെന്നോയുള്ള കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. യുകെ കുടിയേറ്റ നിയമത്തിൽ മാറ്റം വരുത്തിക്കൊണ്ടായിരിക്കും വിസ ചട്ടങ്ങളിൽ മാറ്റം വരുത്തുക. പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കുക. വിദഗ്ധ തൊഴിലാളികളുടെ വിസയുടെ നിബന്ധനയിലും മാറ്റങ്ങൾ വരുത്താൻ പദ്ധതിയുണ്ട്. വൈദഗ്ധ്യമുള്ള തൊഴിലുകളുടെ പട്ടികയിൽ നിന്നും മീഡിയം സ്കിൽ ലെവൽ മാത്രം ആവശ്യമുള്ളവയെ ഒഴിവാക്കാനും സാധ്യതയുണ്ട്. അതേസമയം തദ്ദേശീയമായി തൊഴിലാളികളെ ലഭിക്കാത്ത മേഖലകൾക്ക് ആവശ്യമായ ഇളവുകൾ നൽകുകയും ചെയ്യും. നിലവിൽ ബ്രിട്ടനിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും വിദേശികൾക്ക് അവകാശം നൽകുന്ന ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ ലഭിക്കാനായി അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരും. നിലവിൽ അഞ്ച് വർഷം യുകെയിൽ താമസിച്ചവർക്ക് ഐഎൽആറിന് അപേക്ഷിക്കാൻ കഴിയൂ. ഇത് പത്തു വർഷമായി ഉയർത്തണമെന്ന നിർദേശമാണ് നിലവിലുള്ളത്. അതേസമയം ചില നിബന്ധനകൾ പാലിക്കാൻ സാധിക്കുന്നവർക്ക് കാലയളവിൽ ഇളവുകൾക്ക് സാധ്യതയുമുണ്ട്.
Comments (0)