ദുബായ് ∙ കെട്ടിട വാടക വർധിപ്പിക്കുന്നതിന് മുൻപ് വാടകക്കാരന് മൂന്നുമാസത്തെ നോട്ടിസ് നൽകണമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പുതുതായി പ്രാബല്യത്തിൽ വന്ന സ്മാർട്ട് റന്റൽ ഇൻഡക്സ് പ്രകാരം വാടക നിരക്ക് കൂടും എന്നാണെങ്കിലും 90 ദിവസത്തെ നോട്ടിസ് നിർബന്ധമാക്കിയിരിക്കുകയാണ് . മതിയായ സൗകര്യങ്ങളുള്ള കെട്ടിടത്തിന്റെ വാടക വർധിപ്പിക്കാൻ ഉടമയ്ക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം. പ്രദേശത്തിന്റെ പ്രാധാന്യവും കെട്ടിട സൗകര്യവും കണക്കിലെടുത്തായിരിക്കും വാടക വർധന നടപ്പാക്കുക. ഇതു വാടകക്കാർക്കും നിക്ഷേപകർക്കും ഗുണകരമായിരിക്കും. സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് അകത്തും പുറത്തുമായി എമിറേറ്റിലുള്ള എല്ലാ കെട്ടിടങ്ങൾക്കെല്ലാം പുതിയ വാടക സൂചിക ബാധകമാണ്. തുടക്കത്തിൽ താമസ കെട്ടിടങ്ങളെയാണ് തരം തിരിക്കുക. പിന്നീട് വാണിജ്യ കെട്ടിടങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ഓരോ പ്രദേശത്തെയും വാടക വില നിർണയിക്കുക എന്ന് അധികൃതർ അറിയിച്ചു.
2025നു മുൻപ് കെട്ടിട വാടക കരാർ പുതുക്കിയവർക്ക് പഴയ നിബന്ധനകളാണ് ബാധകമാകുക. എന്നാൽ ഈ വർഷം പുതുക്കിയവർക്ക് പുതിയ സ്മാർട്ട് വാടക സൂചിക ബാധകമാകും. റിയൽ എസ്റ്റേറ്റ് വിപണിയിൽ സുതാര്യത കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നിയമമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിലെ റിയൽ എസ്റ്റേറ്റ് റജിസ്ട്രേഷൻ വിഭാഗം സിഇഒ മാജിദ് അൽ മർറി പറഞ്ഞു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv