
വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരൽ: കനത്ത പിഴ ചുമത്തുമെന്ന് യുഎഇ
വിസ കാലാവധി കഴിഞ്ഞ് രാജ്യത്തു തുടരുന്ന വിദേശികൾ കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി. കാലാവധി അവസാനിക്കുംമുമ്പ് രാജ്യം വിടുകയോ വിസ പുതുക്കുകയോ താമസ വിസയിലേക്ക് മാറുകയോ ചെയ്യണമെന്നും അധികൃതർ ഓർമിപ്പിച്ചു. യുഎഇയിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
വിനോദസഞ്ചാരികളും കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തുന്നവരും ഉൾപ്പെടെ ധാരാളം പേർ വേനൽക്കാലത്ത് യുഎഇയിലെത്തുന്നുണ്ട്. എന്നാൽ, വിസ കാലാവധിയോ വിപുലീകരണ നടപടികളോ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാൽ അനധികൃത താമസം വർധിക്കാനുള്ള സാധ്യതയുണ്ട്. വിസ കാലാവധി കഴിഞ്ഞ് ഓരോ ദിവസവും രാജ്യത്തു തങ്ങുന്നതിന് ഈടാക്കുന്ന പിഴ വലിയ സാമ്പത്തിക ബാധ്യതയായി മാറാം. ചില സന്ദർഭങ്ങളിൽ നിയമനടപടികളും ഭാവിയിൽ യുഎഇയിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങളും നേരിടേണ്ടിവരും. യുഎഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് പോലുള്ള അംഗീകൃത സർക്കാർ സേവന കേന്ദ്രങ്ങളെ മാത്രം വിസ സംബന്ധമായ കാര്യങ്ങൾക്ക് ആശ്രയിക്കണമെന്നും അധികൃതർ നിർദേശിച്ചു. അനധികൃത ഏജൻസികൾ വഴി ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് വ്യക്തികൾ തന്നെ ഉത്തരവാദികളായിരിക്കുമെന്നും അധികൃതർ അറിയിച്ചു. വിസ കാലാവധി അവസാനിക്കുന്നതിന് ദിവസങ്ങളോ ആഴ്ചകളോ മുമ്പ് യാത്രാപദ്ധതികൾ തയ്യാറാക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. നിയമപരമായ പ്രശ്‌നം ഒഴിവാക്കാനും സന്ദർശകരുടെ സുരക്ഷയും രാജ്യത്തെ നിയമവ്യവസ്ഥയും ഉറപ്പാക്കാനുമാണ് മുന്നറിയിപ്പ്.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)