Posted By saritha Posted On

‘ജീവനൊടുക്കുകയാണ്’, ഷാര്‍ജ പോലീസിന് ഇ- മെയില്‍ അയച്ച് മലയാളി അധ്യാപിക, അദ്ഭുതമായി മാറിയ നിമിഷം

malayali teacher sent suicide mail ഷാർജ: എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ജീവിതം ഒടുക്കാൻ തീരുമാനിച്ച മലയാളി അധ്യാപികയെ മരണത്തിന്റെ കൈകളിൽനിന്ന് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ (ഐഎഎസ്). മാനസികമായി തളർന്ന് താൻ ജീവിച്ചിരിക്കുന്നതിൽ ഒരർഥവുമില്ലെന്ന് വിശ്വസിച്ച് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച ആ യുവതിക്ക് പുതിയ ജീവിതത്തിലേക്കുള്ള വഴി തുറന്നുനൽകിയത് ഇന്ത്യൻ അസോസിയേഷന്റെ കൃത്യമായ ഇടപെടലുകളാണ്. കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത മൂന്ന് മലയാളി സ്ത്രീകളുടെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഷാർജ പോലീസിന്റെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹകരണത്തോടെ ഐഎഎസ് ആരംഭിച്ച ‘റൈസ്’ എന്ന പുതിയ കുടുംബപ്രശ്ന പരിഹാര സംരംഭത്തിന്റെ ഭാഗമായാണ് ഈ കേസ് ഏറ്റെടുത്തത്. ആത്മഹത്യ ചെയ്യാനുള്ള തന്റെ തീരുമാനം അറിയിച്ച് യുവതി ഷാർജ പോലീസിന് ഒരു ഇമെയിൽ അയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ പോലീസ് ഈ വിഷയം ഐഎഎസിനെ അറിയിച്ചു. തുടർന്ന്, അധ്യാപികയെയും ഭർത്താവിനെയും അസോസിയേഷനിലേക്ക് വിളിച്ചുവരുത്തി. അവർ വിഷാദത്തിലായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek മണിക്കൂറുകളോളം റൈസ് കൗൺസിലർമാർ അവരോട് സംസാരിച്ചു. ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ അതിന് വിസമ്മതിച്ച് നിൽക്കുകയായിരുന്നു ഇവർ. അവരുടെ 22 വയസ്സുള്ള മകൻ ഇപ്പോൾ കേരളത്തിലാണ്. മകനോട് സ്നേഹം നടിച്ചും വിലകൂടിയ സമ്മാനങ്ങൾ നൽകിയും ഭർത്താവ് തന്നെ അകറ്റുകയായിരുന്നുവെന്നും ഇത് തന്നെ ഉലച്ചിരുന്നുവെന്നും അധ്യാപിക പറഞ്ഞു. ഇവരുടെ അമ്മ അന്ധയും അച്ഛൻ അർബുദരോഗിയുമാണ്. ഇതെല്ലാം കാരണം ജീവിതത്തിൽ ലക്ഷ്യമില്ലെന്ന് അവർക്ക് തോന്നിത്തുടങ്ങി. ആ തോന്നലാണ് ആത്മഹത്യശ്രമത്തിലേക്ക് അവരെ നയിച്ചത്. ഇങ്ങനെയൊരു കടുത്ത തീരുമാനം എടുക്കുന്നതിന് മുൻപ് മൂന്ന് മാസം കാത്തിരിക്കണമെന്ന് കൗൺസിലർമാർ അധ്യാപികയെ പറഞ്ഞ് മനസ്സിലാക്കുകയും മകനുമായി സംസാരിക്കാനും അവരുടെ ബന്ധം വീണ്ടും ഊട്ടിയുറപ്പിക്കാനും സഹായിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കാൻ അവർ സമ്മതിച്ചെങ്കിലും വിവാഹമോചനത്തിന് ഇപ്പോഴും തയാറല്ല. വൈകാരികമായ ഒരടുപ്പവും സാമൂഹിക സുരക്ഷയുമാണ് അവർ ആഗ്രഹിക്കുന്നത്.
ഇന്ത്യൻ സമൂഹത്തിൽ ആത്മഹത്യകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൗൺസിലിങ്ങും പിന്തുണയും നൽകാൻ ഐഎഎസ് മുൻകൈയെടുക്കുന്നു. ആവശ്യമുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലോ 06-5610845 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. രജിസ്റ്റർ ചെയ്ത അപേക്ഷകർക്കായി എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 12 വരെ കൗൺസിലിങ് സൗകര്യം ലഭ്യമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *