
Cyber Fraud ഗൂഗിൾ വഴി ഫോൺ ബിൽ അടച്ച പ്രവാസി മലയാളിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ, പ്രവാസികളെ ശ്രദ്ധ വേണേ ഇക്കാര്യങ്ങളിൽ
Cyber Fraud ദുബായ്: യുഎഇയിൽ സൈബർ തട്ടിപ്പിനെ തുടർന്ന് പ്രവാസി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ. ഓൺലൈൻ വഴി ഫോൺ ബിൽ അടച്ച കൊല്ലം സ്വദേശിയ്ക്ക് 9818 ദിർഹമാണ് നഷ്ടമായത്. യുഎഇയിലെ ടെലിഫോൺ സേവന ദാതാവായ ഡുവിന്റെ ബിൽ 120 ദിർഹം അടയ്ക്കാൻ ശ്രമിക്കവെയാണ് അബുദാബിയിൽ സംരംഭകനായ കൊല്ലം ഓച്ചിറ സ്വദേശിക്ക് പണം നഷ്ടമായത്. ഗൂഗിളിൽ ഡുവിന്റെ വെബ്‌സൈറ്റ് സേർച് ചെയ്ത് ലഭിച്ച ആദ്യ ലിങ്കിൽ പ്രവേശിച്ച് ഇദ്ദേഹം ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകി. തുടർന്ന് ലഭിച്ച ഒടിപി ടൈപ്പ് ചെയ്തതോടെ ആദ്യം ഒരു ദിർഹവും പിന്നീട് 9817 ദിർഹവും നഷ്ടമാകുകയായിരുന്നു. ഉടൻ ബാങ്കിൽ പരാതി നൽകിയെങ്കിലും ഒടിപി നൽകിയ ശേഷമുള്ള ഇടപാടിനു ബാങ്ക് ഉത്തരവാദിയല്ലെന്ന അറിയിപ്പാണ് ഇദ്ദേഹത്തിന് ലഭിച്ചത്. അതേസമയം, മറ്റൊരു പ്രവാസിയും സമാനമായ രീതിയിൽ തട്ടിപ്പിന് ഇരയായിട്ടുണ്ട്. 13,000 ദിർഹമാണ് തട്ടിപ്പിലൂടെ നഷ്ടമായത്. അൽഐനിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയുടെ അക്കൗണ്ടിലെ 16,000 ദിർഹവും തട്ടിപ്പുകാർ കൈക്കലാക്കി. 2 തവണയായാണ് തട്ടിപ്പുകാർ ഈ തുക കൈക്കലാക്കിയത്. ഓൺലൈനിലൂടെയുള്ള വ്യാജപർച്ചേസിലൂടെയാണ് തട്ടിപ്പുകാർ തുക തട്ടിയെടുത്തത്. ദുബായിൽ നിന്നായിരുന്നു ഈ വ്യാജ പർച്ചേസ്. സംഭവത്തെ തുടർന്ന് ഇദ്ദേഹം പൊലീസിലും ബാങ്കിലും പരാതി നൽകിയിരുന്നു. എന്നാൽ, 2 മാസം പിന്നിട്ടിട്ടും ഇതുവരെ പണം തിരിച്ചുകിട്ടിയില്ലെന്ന് ഇദ്ദേഹം പറയുന്നു. നിരപരാധിത്വം തെളിയിച്ചിട്ടും ഗൂഗിൾ പേ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നും തനിക്ക് ഗൂഗിൾ പേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സൈബർ തട്ടിപ്പ് സംബന്ധിച്ച പരാതികൾ നൽകുന്നതിനായി 800 2626 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ 2828 എന്ന നമ്പറിലേക്ക് എസ്എംഎഎസ് അയക്കുകയോ ചെയ്യാം. aman@adpolice.gov.ae എന്ന വെബ്‌സൈറ്റിലൂടെയും പരാതി നൽകാം.
ഓൺലൈൻ ഇടപാട് സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
- സംശയാസ്പദ ലിങ്കുകളിലോ സെർച് എൻജിനുകളിലോ വരുന്ന വ്യാജ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത, ബാങ്ക് വിവരങ്ങൾ നൽകരുത്.
- ഓൺലൈൻ ഇടപാടുകൾക്കു മുൻപ് വെബ്‌സൈറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.
- സുരക്ഷിതമല്ലാത്ത ലിങ്കുകളലും വെബ്‌സൈറ്റുകളിലും പ്രവേശിക്കുകയും ചെയ്യരുത്.
- സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ എന്നിവ വേണം ഇടപാടുകൾക്ക് ഉപയോഗിക്കേണ്ടത്.
- ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, ഓൺലൈൻ ബാങ്കിങ് രഹസ്യ കോഡുകൾ, എടിഎം പിഎൻ, സിവിവി നമ്പർ, സെക്യൂരിറ്റി കോഡ് തുടങ്ങിയവ അപരിചിതരുമായി പങ്കിടരുത്.
- തട്ടിപ്പിന് ഇരയായാൽ ബാങ്കിലും ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ഉടൻ പരാതിപ്പെട്ട് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യേണ്ടതാണ്.
Comments (0)