
Lulu Express പ്രവാസികൾക്കടക്കം ലാഭവിഹിതം വാരിവിതറി ലുലു; പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കുന്നു
Lulu Express ദുബായ്: പ്രവാസികൾക്കടക്കം വമ്പൻ ലാഭവിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു. ദുബായ് നാദ് അൽ ഹമറിൽ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോർ തുറന്നു. ജിസിസിയിലെ 260-ാമത്തേതും യുഎഇയിലെ 112-ാമത്തേയും സ്റ്റോറാണിത്. 2025ലെ ആദ്യ സാമ്പത്തിക പാദത്തിൽ മികച്ച വളർച്ചയാണ് ലുലു നേടിയത്. നിക്ഷേപകർക്കായി 867 കോടി രൂപയുടെ വമ്പൻ ലാഭവിഹിത പ്രഖ്യാപനവും ലുലു നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ എക്‌സ്പ്രസ് സ്റ്റോർ തുറന്നത്. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എംഎയുടെ സാന്നിധ്യത്തിൽ ദുബായ് ഔഖാഫ് ഗവൺമെന്റ് പാർട്ണർഷിപ്പിസ് അഡ്വൈസർ നാസർ താനി അൽ മദ്രൂസി, ഔഖാഫ് കൊമേഴ്‌സ്യൽ ബിസിനസ് ഡവലപ്പ്‌മെന്റ് പ്രതിനിധി ഗാലിബ് ബിൻ ഖർബാഷ് തുടങ്ങിയവരാണ് പുതിയ എക്‌സ്പ്രസ് ഷോപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൾ മജീദ്, ബയിങ്ങ് ഡയറക്ടർ മുജീബ് റഹ്മാൻ, ഗ്ലോബൽ മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, ദുബായ് ആൻഡ് നോർത്തേണൺ എമിറേറ്റ്സ് റീജനൽ ഡയറക്ടർ ജയിംസ് കെ വർഗീസ്, ദുബായ് റീജൻ ഡയറക്‌ടർ തമ്പാൻ കെ.പി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പുതിയ സ്റ്റോർ ദുബായ് നാദ് അൽ ഹമറിലെയും സമീപ്രദേശങ്ങളിലെയും ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകും. 22,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഈ എക്‌സ്പ്രസ് ഷോപ്പിൽ പഴം പച്ചക്കറി, ഗ്രോസറി, ബേക്കറി, സീ ഫുഡ്, മീറ്റ്, ഡയറി പ്രൊഡക്ടുകൾ, വീട്ടുപകരണങ്ങൾ, ബ്യൂട്ടിപ്രൊഡ്കടുകൾ തുടങ്ങിയവയുടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. മികച്ച ഇ-കൊമേഴ്‌സ് സേവനവും ഇവിടെ നിന്നും ലഭിക്കും. യുഎഇയിൽ ഉടൻ തന്നെ കൂടുതൽ സ്‌റ്റോറുകൾ തുറക്കുമെന്ന് ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറ്കടർ സലിം എം എ അറിയിച്ചു.
Comments (0)