Posted By rosemary Posted On

യുഎഇയിലെ പൊള്ളുന്ന ചൂടിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ.. കനത്ത വില നൽകേണ്ടി വരും!

യുഎഇയിൽ ചൂട് കൂടുകയാണ്. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും വാഹനം ഓടിക്കുന്നവരും വിനോദത്തിനായി പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവരും കനത്ത ജാ​ഗ്രത പുലർത്തണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കനത്ത ചൂട് മൂലം സൂര്യാഘാതവും നിർജലീകരണവുമുണ്ടാകാ. കൂടാതെ ഹൃദയം, തലച്ചോർ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളെയും ബാധിക്കും. അതുപോലെ ശരീരത്തിൽ ജലത്തി​ന്റെയും ഉപ്പി​ന്റെയും അളവ് കുറയുന്നതും അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കും.

കടുത്ത ചൂടുള്ള കാലാവസ്ഥയിൽ വിനോദത്തിനായോ മറ്റോ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം. പുറത്തുപോകുന്നവർ കുടയും കൂളിം​ഗ് ​ഗ്ലാസും ഉപയോ​ഗിക്കണം. ഇറുകിയതും കടുത്ത നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾക്ക് പകരം കോട്ടൻ വസ്ത്രങ്ങൾ ധരിക്കണം. ശരീര താപനില ക്രമീകരിക്കാൻ ദിവസവും രണ്ട് നേരവും കുളിക്കുന്നത് നല്ലതാണ്. വിയർത്ത വസ്ത്രങ്ങൾ കഴുകി ഉണക്കി ഇസ്തിരിയിട്ട് ഉപയോ​ഗിക്കുന്നതാണ് അഭികാമ്യം. കൂടാതെ ​ഗർഭിണികൾ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ, 60 വയസ്സിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർ വെയിലത്ത് പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. ചൂടുകാലത്ത് നിർത്തിയിട്ട വാഹനത്തിൽ കുട്ടികളെയും പ്രായമായവരെയും വളർത്തുമൃഗങ്ങളെയും ഇരുത്തി പോകരുത്.

ഭക്ഷണത്തിൽ പഴം, പച്ചക്കറി, ധാന്യങ്ങൾ പ്രത്യേകിച്ച് ജലാംശം കൂടുതലുള്ള വെള്ളരിക്ക, തണ്ണിമത്തൻ എന്നിവ ധാരാളമായി ഉൾപ്പെടുത്തണം. പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽ പുറത്ത് വച്ചാൽ കേടാകാൻ സാധ്യതയുണ്ട്. അതിനാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. കൃത്രിമ മധുരപാനീയങ്ങൾ ഒഴിവാക്കണം. ശുദ്ധജലം ദിവസേന കുറഞ്ഞത് രണ്ടര ലീറ്റർ വെള്ളം കുടിക്കണം. ഓരോ 25 കിലോ ഭാരത്തിനും ഒരു ലീറ്റർ എന്നതാണ് കണക്ക്. മൂത്രത്തി​ന്റെ നിറം മാറിയാൽ വെള്ളം കുടിക്കുന്നത് കുറവാണെന്നാണ് അർത്ഥം. അതിനാൽ ധാരാളം വെള്ളം കുടിക്കണം. ക്ഷീണമുണ്ടെങ്കിൽ ഒആർഎസ് ലായനി കുടിക്കാം. ഉപ്പിട്ട് സംഭാരമോ മോരോ കുടിക്കുന്നതും നല്ലതാണ്. സ്കൂളുകളിൽ അസംബ്ലി ഉൾപ്പെടെ വെയിലത്തുള്ള പാഠ്യ, പാഠ്യേതര പരിപാടികളെല്ലാം മാറ്റിവയ്ക്കണം. വിദ്യാർഥികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് അധ്യാപകരും ഉറപ്പാക്കണം.

സൂര്യാതപമുണ്ടായാൽ വ്യക്തിയെ ഉടൻ തന്നെ തണുത്ത, വായുസഞ്ചാരമുള്ള പ്രദേശത്ത് എത്തിക്കുക. ഇറുകിയ വസ്ത്രം അഴിച്ചുമാറ്റി തണുത്ത വെള്ളത്തിൽ കുളിപ്പിക്കുക. തല ഉയർത്തിപ്പിടിച്ച ശേഷം വെള്ളം കുടിപ്പിക്കുക. അബോധാവസ്ഥയിലാണെങ്കിൽ ശ്വാസം എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കക്ഷത്തിലും നാഭിയിലും കഴുത്തിലും ഐസ് പായ്ക്ക് വച്ച് ശരീരോഷ്മാവ് കുറയ്ക്കുക. 999 നമ്പറിൽ വിളിച്ച് രോഗിയുടെ അവസ്ഥയും എത്തേണ്ട വിലാസവും വ്യക്തമായി പറയുക. എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *