
കയറ്റുമതി നിയന്ത്രണം മാറ്റി; യുഎഇയിലെ സവാള വില കുറയുമോ?
ഗൾഫിൽ സവാളക്ക് വില കുറഞ്ഞില്ല. ഇന്ത്യയിലെ കയറ്റുമതി നിയന്ത്രണം നീക്കിയിട്ടും വില കുറഞ്ഞിട്ടില്ല. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ 6.45 ദിർഹമാണ് (ഏകദേശം 147 രൂപ) ശരാശരി വില. നേരത്തെ സവാള 2 ദിർഹത്തിനു ലഭിച്ചിരുന്നു. ഒരു വർഷമായി സവാള വില പ്രവാസികളെ ബുദ്ധിമുട്ടിനിടയാക്കുന്നുണ്ട്. 2023 ഒക്ടോബറിലാണ് ഇന്ത്യയിൽ സവാളയുടെ വിലക്കയറ്റം തടയുന്നതിന് മിനിമം കയറ്റുമതി വില (എംഇപി) കേന്ദ്രം നിശ്ചയിച്ചത്. കിലോയ്ക്ക് 20 രൂപയിൽ താഴെ കയറ്റുമതി അനുവദിച്ചിരുന്നില്ല, ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കൂടിയ വിലയ്ക്കാണ് ഇന്ത്യൻ സവാള ഗൾഫിൽ എത്തിച്ചിരുന്നത്. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ 13ന് കയറ്റുമതി നിയന്ത്രണം എടുത്തുകളഞ്ഞിരുന്നു. കൂടിയ വിലയ്ക്ക് എത്തിച്ച സ്റ്റോക്ക് തീർന്നാലേ വില കുറയ്ക്കാൻ സാധിക്കൂവെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള സവാള വൻതോതിൽ സൂക്ഷിക്കാറില്ല, അതുകൊണ്ട് വില കുറയ്ക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്. നാട്ടിൽ വില കൂടിയാൽ ഉടൻ ഗൾഫിലും വിലവർധന നടപ്പിലാക്കാൻ കാട്ടുന്ന വ്യഗ്രത വില കുറയ്ക്കുന്ന കാര്യത്തിൽ കച്ചവടക്കാർ കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)