Posted By saritha Posted On

30 ദിവസം 30 മിനിറ്റ് വ്യായാമം; യുഎഇയില്‍ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം

ദുബായ്: ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫിറ്റ്‌നസ് ചലഞ്ചിന് ദുബായില്‍ ഇന്ന് (ഒക്ടോബര്‍ 26) തുടക്കമായി. നഗരവാസികളില്‍ ആരോഗ്യശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഫിറ്റ്‌നസ് ചലഞ്ച് നടത്തുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ചലഞ്ച് നവംബര്‍ 24ന് അവസാനിക്കും. 30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കുകയെന്നതാണ് ചലഞ്ച്. ഈ ഒരു മാസക്കാലയളവില്‍ വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നടത്തം, ടീം സ്‌പോര്‍ട്‌സ്, പാഡ്ല്‍ ബോര്‍ഡിങ്, ഗ്രൂപ് ഫിറ്റ്‌നസ് ക്ലാസുകള്‍, ഫുട്ബാള്‍, യോഗ, സൈക്ലിങ് തുടങ്ങിയവ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടക്കും. 2017ല്‍ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ജീവിക്കാനും ജോലി ചെയ്യാനും സന്ദര്‍ശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയില്‍ ദുബായുടെ പദവി ഉയര്‍ത്തുകയെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയിലെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് ദുബൈ റണ്‍, ദുബൈ റൈഡ് എന്നിവ. കഴിഞ്ഞ വര്‍ഷം 24 ലക്ഷം പേരാണ് ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കാളികളായത്. ഫിറ്റ്നസ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.dubaifitnesschallenge.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് തങ്ങള്‍ക്ക് പ്രിയപ്പെട്ട രണ്ടുപേരെ ദുബായിലേക്ക് കൊണ്ടുവരാന്‍ അവസരം ലഭിക്കുന്നതാണ്. ഫിറ്റ്‌നസ് വില്ലേജുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

ഫിറ്റ്നസ് ചലഞ്ച് എവിടെ പ്രവര്‍ത്തിക്കും?

  • നഗരത്തിലുടനീളമുള്ള മൂന്ന് ഫിറ്റ്‌നസ് വില്ലേജുകളിലും 25 കമ്യൂണിറ്റി ഹബ്ബുകളിലുമായി കായിക പ്രവര്‍ത്തനങ്ങളുണ്ടാകും
  • കൈറ്റ് ബീച്ച്, അല്‍ വര്‍ഖ പാര്‍ക്ക്, സബീല്‍ പാര്‍ക്ക് എന്നിവിടങ്ങളാണ് ഡിഎഫ്സിയുടെ ഭാഗമായ ഫിറ്റ്‌നസ് വില്ലേജുകള്‍ പ്രവര്‍ത്തിക്കുക
  • ബ്ലൂ വാട്ടേഴ്‌സ്, സിറ്റി വാക്ക്, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റ്, ദുബായ് ഡിജിറ്റല്‍ പാര്‍ക്ക്, ദുബായ് മീഡിയ സിറ്റി, എക്സ്‌പോ സിറ്റി, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ 25 പ്രധാന സ്ഥലങ്ങളിലാണ് കമ്യൂണിറ്റി ഫിറ്റ്‌നസ് ഹബ്ബുകള്‍ പ്രവര്‍ത്തിക്കുക യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *