Posted By saritha Posted On

ഇറാനിലെ വ്യോമാക്രമണം; സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി നെതന്യാഹുവും പ്രതിരോധമന്ത്രിയും

ടെഹ്‌റാന്‍: ഇറാനില്‍ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാലന്‍ഡുമാണ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറിയത്. ഇറാന്‍ തിരിച്ചടിക്കുമെന്ന് മുന്നില്‍ കണ്ടാണിതെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിനിടെ ഇരുവരും ഭൂഗര്‍ഭ അറയിലെ ബങ്കറുകളിലാണ് കഴിഞ്ഞത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നെതന്യാഹുവും പ്രതിരോധമന്ത്രിയും ഇറാനിലെ വ്യോമാക്രമണം വിലയിരുത്തുന്ന തരത്തില്‍ ഒരു ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 2.10ഓടെയാണ് ഇസ്രായേല്‍ വ്യോമാക്രമണം തുടങ്ങിയത്. തെല്‍ അവീവിലെ കിര്‍യയിലുള്ള സൈനിക താവളത്തിലെ ഐഎഎഫ് കമാന്‍ഡ് കേന്ദ്രത്തിലിരുന്ന് ഇരുവരും ആക്രമണനീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കിഴക്കന്‍ പടിഞ്ഞാറന്‍ ടെഹ്റാനിലെ സൈനിക താവളങ്ങളും അല്‍ബോര്‍സ് പ്രവിശ്യയിലെ കറാജ് നഗരത്തിലുള്ള ആണവനിലയങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രായേല്‍ മാധ്യമ റിപോര്‍ട്ടുകള്‍. ഏഴ് സൈനിക താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സും വ്യക്തമാക്കിയിട്ടുണ്ട്. വ്യോമാക്രമണത്തെ തുടര്‍ന്ന് ഉഗ്ര സ്ഫോടനങ്ങള്‍ ഉണ്ടായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിനിടയില്‍ ടെഹ്റാനില്‍ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. സ്ഫോടനത്തില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, ആളപായം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *