
യുഎഇ: കനത്ത മഴയിലും ആലിപ്പഴവർഷത്തിലും ഗുരുതരമായി പരിക്കേറ്റ 10 ഫ്ളമിംഗോകൾക്ക് പുതുജീവൻ
അബുദാബി: ഫ്ലമിംഗോകൾക്ക് പുതുജീവനേകി അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി). കനത്ത മഴയിലും ആലിപ്പഴവർഷത്തിലും പത്ത് ഫ്ലമിംഗോകൾക്കാണ് പരിക്കേറ്റത്. ഇവയെ പുനരധിവസിപ്പിച്ചു. അൽ വത്ബ ചതുപ്പ് നിലങ്ങളിൽ കണ്ടെത്തിയ ഫ്ലമിംഗോകളുടെ കാലുകൾ, തല, ചിറകുകൾ എന്നിവയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ കരളലിയിക്കുന്ന കാഴ്ചകളാണ് കാണാൻ കഴിഞ്ഞതെന്ന് അധികൃതർ പറഞ്ഞു. പ്രായമായ പക്ഷികളുടെ ചിറകിനടിയിൽനിന്ന് ഒട്ടേറെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിഞ്ഞു. ഒട്ടേറെ മുട്ടകളും കണ്ടെത്തിയിരുന്നു. മുട്ടകൾ സുരക്ഷിതമായി മാറ്റുകയും വിരിയുന്നതുവരെ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തു. ഇഎഡി, യാസ് സീവേൾഡ് റിസർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ എന്നിവർ സംയുക്തമായാണ് ഫ്ളമിംഗോകളുടെ പുനരധിവാസ പദ്ധതികൾ നടപ്പാക്കിയത്. ശൈത്യകാലങ്ങളിൽ നാലായിരത്തിലേറെ ഫ്ലമിംഗോകളാണ് അൽ വത്ബയിലെ ചതുപ്പ് പ്രദേശത്തേക്ക് എത്തുന്നത്. ഇവയ്ക്ക് കൂടൊരുക്കാനും അടയിരിക്കാനുമെല്ലാം പൂർണ സുരക്ഷയാണ് അധികൃതർ നൽകുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)