
നാട്ടിൽ പോകാനാകാതെ 46 വർഷമായി ഗൾഫ് രാജ്യത്ത്, പ്രവാസി മലയാളി ഒടുവിൽ നാട്ടിലേയ്ക്ക്
മനാമ: നാൽപ്പത് വർഷത്തിലേറെയായി ഒരിക്കൽ പോലും പോൾ സേവ്യർ കേരളത്തിൽ വന്നിട്ടില്ല. കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി വീട്ടിൽ 64കാരനായ പോൾ സേവ്യർ കഴിഞ്ഞ നാൽപത്തിയാറ് വർഷമായി ബഹ്റൈനിലാണ് താമസം. 1978ലാണ് പോൾ ബഹ്‌റൈനിൽ എത്തിയത്. ഇക്കാലമത്രയും വിവിധ പ്രശ്‌നങ്ങളും തടസങ്ങളും മൂലം ബഹ്റൈനിൽ ചെറിയ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു. കപ്പൽ മാർഗത്തിലായിരുന്നു പോൾ സേവ്യർ ബഹ്‌റൈനിൽ എത്തിയത്. പാസ്പോർട്ടോ മറ്റ് രേഖകളോ കൈവശം ഉണ്ടായിരുന്നില്ല. മാത്രമല്ല, 2011ൽ സംഭവിച്ച ഒരു അപകടത്തെ തുടർന്ന് തലച്ചോറിനെയും ഓർമശക്തിയെ ബാധിക്കുകയും ചെയ്തു. മുഹറഖ് ജെറിയാട്രി ആശുപത്രിയിൽ കഴിഞ്ഞ 13 വർഷമായി ചികിത്സയിലായിരുന്നു പോൾ സേവ്യർ. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്‍റുമായ സുധീർ തിരുനിലത്തിന്‍റെ പരിശ്രമത്തിന്‍റെ ഫലമായാണ് പോൾ സേവ്യറിന് നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുങ്ങിയത്. കേരളത്തിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരായ ജോസ് മോൻ മഠത്തിപറമ്പിൽ, ഷാജു എന്നിവരും ഇതിനായി സഹായിച്ചു. പല പ്രതിസന്ധികളും മറികടന്നാണ് യാത്രാ രേഖകൾ തയ്യാറാക്കാൻ കഴിഞ്ഞത്. സഹകരിച്ച ബഹ്റൈൻ ഇന്ത്യൻ എംബസി അധികൃതർ, മുഹറഖ് ജെറിയാട്രി ആശുപത്രി അധികൃതർ, ബഹ്റൈൻ എമിഗ്രേഷൻ വിഭാഗം അധികൃതർ എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നതായി സുധീർ തിരുനിലത്ത് അറിയിച്ചു. ആദ്യമായി വിമാനത്തിൽ കയറി നാട്ടിലേക്ക് തിരിച്ച പോൾ സേവ്യറിനെ സഹോദരങ്ങളാണ് സ്വീകരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)