
തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യം, യുഎഇയില്‍ തൊഴില്‍ ദാതാക്കള്‍ക്ക് പുതിയ നിര്‍ദേശം
ദുബായ്: യുഎഇയിലെ തൊഴില്‍ ദാതാക്കള്‍ക്ക് പുതിയ നിര്‍ദേശം. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് യുഎഇ പ്രഖ്യാപിച്ച ബദല്‍ വിരമിക്കല്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൊഴില്‍ മന്ത്രാലയം തൊഴില്‍ ദാതാക്കള്‍ക്ക് നിര്‍ദേശം നല്കി. നിലവിലെ ഗ്രാറ്റുവിറ്റി ആനുകൂല്യത്തിന് പകരമായി പ്രോവിഡന്റ് ഫണ്ട് മാതൃകയിലാണ് യുഎഇ ബദൽ വിരമിക്കൽ പദ്ധതി ആവിഷ്കരിച്ചത്. നിലവിലെ ഗ്രാറ്റുവിറ്റി സംവിധാനത്തിന് പകരം തൊഴിലുടമ നൽകുന്ന വിഹിതം നിക്ഷേപമായി സ്വീകരിക്കണം. അതിന്റെ ലാഭമടക്കം വിരമിക്കുമ്പോൾ ജീവനക്കാരന് നൽകുന്നതാണ് ബദൽ വിരമിക്കൽ പദ്ധതി. ദമാൻ, ലുനേറ്റ്, നാഷനൽ ബോണ്ട് എന്നിവക്ക് ഇതിനായി തൊഴിൽ ദാതാവിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ തൊഴിൽ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. ബദൽ വിരമിക്കൽ പദ്ധതി തൊഴിലുടമക്ക് നൽകുന്ന സാമ്പത്തികലാഭം ചൂണ്ടിക്കാട്ടിയാണ് തൊഴിൽ മന്ത്രാലയം പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമാകാന്‍ നിർബന്ധമല്ല. എന്നാൽ, സ്ഥാപനങ്ങൾക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ച് പദ്ധതിയുടെ ഭാഗമാകാം. വിഹിതം നിക്ഷേപമായി സ്വീകരിക്കുന്നതിനാൽ വിരമിക്കുമ്പോൾ മെച്ചപ്പെട്ട ആനൂകൂല്യം ജീവനക്കാരന് നൽകാൻ പദ്ധതിയിലൂടെ കഴിയും. നിലവിലെ ഗ്രാറ്റുവിറ്റി പദ്ധതിയേക്കാൾ തൊഴിലുടമക്ക് സാമ്പത്തിക ബാധ്യത പുതിയ പദ്ധതിയിൽ കുറവാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പുതിയ പദ്ധതിയിൽ ചേരുന്നത് വരെയുള്ള ജീവനക്കാരുടെ ഗ്രാറ്റുവിറ്റി അവരുടെ പേരിൽ തന്നെ നിലനിൽക്കും. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ പഴയ തുകയും പുതിയ പദ്ധതിയിലെ തുകയും ചേർത്താണ് വിരമിക്കൽ ആനുകൂല്യം നൽകേണ്ടത്. തൊഴിലാളികൾക്ക് വാർഷിക വരുമാനത്തിന്റെ 25 ശതമാനം വരെ അധികമായി പദ്ധതിയിലേക്ക് നൽകാം. നിക്ഷേപിച്ച തുകയും അതിന്റെ ലാഭവും ഏത് സമയവും പിൻവലിക്കാനാകും. ജോലി മാറുകയാണെങ്കിൽ നിക്ഷേപിച്ച തുക പിൻവലിക്കാനോ ജോലിക്ക് ചേരുന്ന പുതിയ സ്ഥാപനത്തിന് നിക്ഷേപം നിലനിർത്താനോ സൗകര്യമുണ്ടാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)